ഓരോ ജനസമൂഹങ്ങൾ ജീവിക്കുന്ന പ്രദേശത്തിന്റെ സ്ഥലനാമങ്ങളും അതിന്റെ അടിസ്ഥാനത്തിലായിരുന്നു. തൊഴിലുമായി ബന്ധപ്പെട്ടതും ജാതിയുടെ അടിസ്ഥാനത്തിലുമുള്ള സ്ഥല പേരുകൾ പാലക്കാട് നഗരത്തിൽ സജീവമായി കാണാൻ കഴിയുന്നതാണ്. തുന്നക്കാരത്തെരുവ് അഥവാ ടൈലേഴ്സ് സ്ട്രീറ്റ്, അരിക്കാരാ തെരുവ് അഥവാ ഹരിക്കാരാതെരുവ്, പട്ടാണി തെരുവ്, വടുക്കത്തെരുവ് ,ചവള (ക്ഷൗര )തെരുവ് , കോഴിക്കാരാതെരുവ്, പപ്പടക്കാരത്തെരുവ് ,പൂകാരത്തെരുവ്, മാപ്പിളത്തെരുവ്, പെൻഷൻകാര തെരുവ് , ചെട്ടിതെരുവ്, കൽചെട്ടിതെരുവ്, പീരങ്കി തെരുവ് ,വളകാരതെരുവ്, നെയ്ത്തുകാര തെരുവ് തുടങ്ങിയ സ്ഥല പേരുകൾ ഇന്നും പഴയ തലമുറയിലുള്ളവർക്ക് സുപരിചിതമാണെങ്കിലും പുതുതലമുറയിലുള്ളവർക്ക് നഗറുകളുടെയും കോളനികളുടെ പേരുകൾ പറയാനാണ് ഇഷ്ട്ടം.
പാലക്കാടൻ മണ്ണ് വ്യത്യസ്ത സമുദായങ്ങളുടെ സംഗമവേദി കൂടിയാണ്. അനോന്യം സഹവർത്തിത്ത്വം പുലർത്തുന്ന ജീവിത രീതിയാണ് പിന്തുടരുന്നത്. പാലക്കാട് നായർതറകളും മൂത്താൻതറകളും പണ്ട് മുതലെ സജീവമാണ്. മറ്റ് ജില്ലകളിലെ നായർ സമുദായത്തിന് അവകാശപെടാത്ത ഒന്നാണ് പാലക്കാട്ടെ നായന്മാർ വളർത്തിയെടുത്ത് സംരക്ഷിച്ചുപോരുന്നതുമായ കണ്യാർകളി എന്ന കലാരൂപം.
1943 ൽ ഡച്ഛ് ഗവർണർ സ്ഥാനം ഒഴിഞ്ഞ ഗാലനെ അദ്ദേഹത്തിന്റെ മെമ്മോറാണ്ടത്തിൽ പ്രതിപാദിച്ചിരിക്കുന്നത് കേരളത്തിൽ 42 ചെറു രാജ്യങ്ങൾ ഉണ്ടായിരുന്നു എന്നാണ് അതിൽ പാലക്കാട്ടുശ്ശേരിയുടെ വേരുകൾ തേടിയുള്ള യാത്രയിൽ അറിയാൻ കഴിഞ്ഞ കാര്യങ്ങൾ ഇവിടെ പ്രതിപാദിക്കുന്നു.
വെള്ളപ്പനാടെന്നും, പൊറ്റേനാടെന്നും, നെടുംപുരെയൂർ നാടെന്നും അറിയപ്പെട്ട് പല നൂറ്റാണ്ടുകൾക്ക് ശേഷം പാലക്കാട്ടുശ്ശേരിയായും പാൽഘാട്ടായും ആധുനിക കാലത്ത് പാലക്കാടുമായി നമ്മുടെ നാട് മാറുകയുണ്ടായി.
കാഞ്ചീപുരത്ത് രൂപംകൊണ്ട പല്ലവ സാമ്രാജ്യകാലത്ത് പാലക്കാടും അതിനോട് ബന്ധപ്പെട്ടിരുന്നു.മധുരയിലെ പാണ്ഢ്യ രാജ്യവംശത്തിലെ ഒരംഗമാണ് പാലക്കാട്ടെ ആദ്യ രാജാവെന്നും എഛ്.എസ്.ഗാർനെയുടെ14 ജനുവരി 1822ലെ റിപ്പോർട്ട് ഓഫ് റെവന്യൂ അഡ്മിനിസ്ട്രേഷൻ ഓഫ് മലബാറിൽ പ്രതിപാദിച്ചിട്ടുണ്ട്.
പെരുമ്പടപ്പ് സ്വരൂപത്തിലെ രാജകുമാരൻ തേരകക്ഷേമം വഴി സ്ഥാപിച്ചതാണ് പാലക്കാട് രാജവംശം എന്നും അറിയാൻ കഴിഞ്ഞു. ഇതിനെ കുറിച്ച് തരൂർ സ്വരൂപത്തിലെ രാജാക്കന്മാർ എന്ന ഓറിയന്റൽ മാനുസ്ക്രിപ്റ്റിൽ പ്രതിപാദിപ്പിച്ചിട്ടുണ്ട്.
പാലക്കാട്ടുശ്ശേരി ശേഖരി വർമ്മ വലിയ രാജാവ് തീപെട്ടാൽ (അന്തരിച്ചാൽ) ബ്രാഹ്മണ ദൂതൻ സന്ദേശ പത്രവുമായി തൃപ്പൂണിത്തുറ കനകക്കുന്ന് കൊട്ടാരത്തിൽ എത്തുമെന്നും തീപ്പെട്ട വാർത്ത അറിയുമ്പോൾ പള്ളി നീരാട്ട് സമയത്ത് മഹാ രാജാവ് തന്റെ അമ്മാവനായ പാലക്കാട്ടുശ്ശേരി രാജാവിന് വെണ്ടി മുങ്ങി കുളിക്കുന്നു. ഇതിൽ നിന്നും രണ്ട് സ്വരൂപങ്ങൾ തമ്മിൽ നിലനിന്നു വന്നിരുന്ന പുല ബന്ധത്തെ പറ്റിയാണ് മനസിലാക്കുവാൻ കഴിയുന്നത്.
12 ജൂലൈ 1792 ന് തയ്യാറാക്കിയ കുറിപ്പിൽ കാണുന്നത് ക്ഷത്രീയവംശജരായ പാലക്കാട്ടെ അച്ചന്മാർ പെരുമാക്കന്മാരുടെ അനന്ത തലമുറകളാണെന്നും കൊച്ചി രാജവംശവുമായി ബന്ധമുണ്ടെന്നും അറിയുന്നു .
അടുത്തതായി അറിയാൻ കഴിഞ്ഞത് കിഴക്കൻ തീരത്തുകൂടി കുടിയേറിയ ബ്രാഹ്മണരായ പട്ടന്മാർ ഇവരുടെ കൈയിൽ നിന്നും ജലത്തിന് പകരം ധാന്യങ്ങളാണ് സമ്പാദിച്ച് ഭൂമിയിൽ അവകാശം നേടിയിരുന്നത്. അങ്ങനെ പാലക്കാട്ടുശ്ശേരിയിൽ തൊണ്ണൂറ്റിയാറ് ഗ്രാമങ്ങൾ ഉള്ളതായി അറിയുന്നു.
പാരമ്പര്യ വിശ്വാസ പ്രകാരം രണ്ട് സ്ത്രീകളാണ് സ്വരൂപം സ്ഥാപിച്ചത്. ഒരാൾ വടമലപ്പുറത്തും അടുത്ത സ്ത്രീ തെന്മലപുരത്തുമാണ്.ഇവർക്ക് ബ്രാഹ്മണ സംബന്ധത്തിലൂടെ ഉണ്ടായ മക്കൾ രണ്ട് മലപുരത്തെയും നായകന്മാരായി അറിയപ്പെട്ടു.ഇവരെ പാലക്കാട്ട് ചുരം കാക്കാൻ പെരുമാൾ നിയോഗിച്ചതായാണ് മനസിലാക്കാൻ സാധിച്ചത്.
തെക്കേ താവഴിക്കാരുടെ (തെക്കേടത്തു പെന്മഴി)പടനായകൻ തെക്കടത് മൂത്ത നായരായിരുന്നു. അവരുടെ കീഴിൽ ഇരുനൂറ് നായന്മാരുടെ സംരക്ഷണം ഉണ്ടായിരുന്നു. വടക്കേ താവഴികാർക്കു പുള്ളിയമുന്നത്ത് മൂത്തനായരായിരുന്നു പടനായകൻ.
ചെറുകൊട്ടാർ എടം, പുളിക്കൽ എടം, മേലെടം ,പൂജയ്ക്കൽ എടം തുടങ്ങി 17 കുടുംബങ്ങൾ വടക്കേ താവഴിയെയും ഇളയച്ഛനിടം, പരുവയ്ക്കൽ എടം, നടുവിലെടം തുടങ്ങി 4 കുടുംബങ്ങൾ തെക്കേ താവഴിയെയും പ്രതിനിധികരിച്ചിരിക്കുന്നു. രാജ കുടുംബാംഗങ്ങൾ താമസിക്കുന്ന കോവിലകമാണ് എടം.
ഭരണ സൗകര്യാർത്ഥം നാടിനെ മൂന്നു മേഖലകളാക്കി തിരിച്ചിരുന്നു. വടക്കേ താവഴി, തെക്കേ താവഴി, നടുവട്ടം എന്നീ പ്രധാനപെട്ട ശാഖകൾ ഉൾപ്പെട്ടതാണ് തരൂർ സ്വരൂപം. ഈ വഴിയാണോ പാലക്കാട് രാജാക്കന്മാർക്ക് തെക്കേ നായകൻ (തെക്കുംനാഥൻ) , വടക്കും നായകൻ (വടക്കുംനാഥൻ) എന്ന ബിരുദങ്ങൾ കിട്ടിയതെന്ന് അറിയില്ല.
തെന്മലപുറം മൂവായിരം നായന്മാർ, വടമലപ്പുറം രണ്ടായിരം നായന്മാർ, നടുവട്ടത്ത് മൂവായിരം നായന്മാരുമാണ് പാലക്കാട്ടുശ്ശേരിയുടെസൈനിക ശക്തി.
സ്വരൂപത്തിലെ പുരുഷന്മാരെ അച്ഛൻ എന്നും സ്ത്രീകളെ നേത്യാരമ്മ എന്നും വിളിക്കുന്നു. ഏറ്റവും തലമൂപ്പുള്ള അച്ഛൻ ശേഖരി വർമ്മ എന്ന സ്ഥാനം നൽകുകയും അരിയിട്ടുവാഴ്ച നടത്തി രാജസ്ഥാനം ഏറ്റെടുക്കുന്നു. അതുകൊണ്ടാണെന്നു തോനുന്നു സ്വരൂപത്തിനു ശേഖരി വംശം എന്നും അറിയപ്പെട്ടിരുന്നു.
1879 ൽ പാലക്കാട്ടുശ്ശേരി കുടുംബാഗങ്ങളുടെ കണക്കെടുത്തപ്പോൾ 249 പുരുഷന്മാരും 270 സ്ത്രീകളുമടക്കം 519 അംഗങ്ങളായിരുന്നു.
എ ഡി പതിമൂനാം ശതകത്തിൽ സ്വരൂപത്തിൽ പിന്തുടർച്ചാവകാശികൾ ഇല്ലാതെ വന്നപ്പോൾ രണ്ടു തമ്പുരാട്ടികളെ പെരുമ്പടപ്പ് തമ്പുരാക്കന്മാർ വിവാഹം ചെയ്തതു വഴി രാജവാഴ്ച പുനഃ സ്ഥാപിക്കപ്പെട്ടു.
ഇത്രയും കാലത്തെ ചരിത്രകാരന്മാരുടെ നിതാന്ത പരിശ്രമത്തിന്റെ ഭാഗമായിട്ടാണ് രേഖകളുടെ അടിസ്ഥാനത്തിൽ വസ്തുതകൾ മനസിലാക്കുവാൻ സാധിക്കുന്നത്.
നൂറ്റാണ്ടുകൾക്ക് മുമ്പത്തെ രേഖകൾ കണ്ടെത്തുക എന്നത് വളരെ ശ്രമകരമാണ്. തുടർച്ചയായ പടയോട്ടങ്ങൾ നടന്ന പാലക്കാട്ട് കൊങ്ങൻപടയും, സാമൂതിരിയും, മൈസൂർ സേനയും, ബ്രിട്ടീഷ് സേനയും തെരോട്ടം നടത്തിയ ഭൂമി കൂടിയാണ്.
സ്വരൂപത്തിന്റെ തരൂറുള്ള കോട്ടയും അതിനു ശേഷം നിർമ്മിച്ച ചൊക്കനാഥപുരത്തെ കോട്ടയും പടയോട്ട കാലത്ത് നശിപ്പിക്കുകയുണ്ടായി.അതിനു ശേഷമാണ് പാലക്കാട്ടുശ്ശേരിയുടെ ആസ്ഥാനം അകത്തേത്തറയിലെ യ്ക്ക് മാറിയത് .
ചരിത്രകാരന്മാർ തുടർ പഠനങ്ങൾ നടത്തി കൊണ്ടിരിക്കുന്നുണ്ട്.എന്തായാലും ഒരു കാര്യം വ്യക്തമാണ് വളരെ പഴക്കമുള്ള രാജവംശമാണ് പാലക്കാട്ടുശ്ശേരിയുടെത് കാരണം എ .ഡി . 1000 ആണ്ടിൽ മഹോദയപുരത്തുവെച്ച്(കൊടുങ്ങല്ലൂർ) ജോസഫ് റബാൻ എന്ന യഹൂദ പ്രഭുവിന് 72 അവകാശങ്ങളോടുകൂടി അഞ്ചുവർണ സ്ഥാനം കല്പിച്ചു കൊടുത്ത ചേപ്പേടിൽ ഏറൾ നാട്ടിലെ മാനവേപല മാനവീയൻ,വള്ളുവനാട്ടിലെ ഇറായിരൻ ചാത്തൻ, നെടുംപുരെയൂർ നാട്ടിലെ കോത ഇരവി എന്നീ രാജാക്കന്മാർ ജൂത ശാസനത്തിലെ സാക്ഷികളായിരുന്നതായി രേഖയുണ്ട്. ഇതിൽ പറയുന്ന നെടുംപുരെയൂർ നാടാണ് ഇന്നത്തെ പാലക്കാട് . അന്നത്തെ പാലക്കാട് രാജാവായ കോത ഇരവി അകത്തേത്തറ വടക്കേത്തറയിലെ കോത്തര ഇടത്തിലെ തായിരുന്നോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ഹേമാംബിക യുടെ തിരുത്താലി എഴുന്നള്ളത്ത് സമയത്ത് കോത്തര ഇടത്തിലെ രാജാവിന്റെ സമാധിയിൽ പൂജയ്ക്ക് ശേഷമാണ് അമ്പലത്തിലേക്ക് പോകുന്നത്. ഈ രാജാവിന്റെ സമാധി കോത്തര ഇരവി രാജാവിന്റെയാണോ എന്ന് പഠനം നടത്തേണ്ടതാണ്.
രാജവംശം എന്ന് കേൾക്കുമ്പോൾ പരിചാരകരും, സ്തുതിപാഠകരുമടക്കം വലിയ വൃന്ദങ്ങൾ അടങ്ങിയ ചിത്രമായിരിക്കും മനസ്സിൽ എന്നാൽ യഥാർത്ഥത്തിൽ പാലക്കാട് ഭരിച്ചത് സാധാരണ ജനങ്ങളിലെ ഒരു വിഭാഗം മാത്രമാണ്. പ്രജകളിലൊരാളാണ് രാജാവ് !!
വിപിൻ ശേക്കുറി.