കല്ലേക്കുളങ്ങര ഏമൂർ ഭഗവതിയും പാലക്കാട്ടുശ്ശേരിയും
പാലക്കാട്ടുശ്ശേരി രാജവംശത്തിൽ അഞ്ചു കൂറ് വാഴ്ചയാണ് ഇന്നും നിലനിന്നു വരുന്നത്. സ്വരൂപത്തിലെ ഏറ്റവും മുതിർന്ന അംഗം കാരണവർ സ്ഥാനം വഹിക്കുന്നു. എല്ലാ ഇടങ്ങളിൽ നിന്നുമുള്ള കാരണവർമാർക്കിടയിൽ മുതിർന്നയാൾ ഒന്നാം സ്ഥാനിയും തുടർന്നുള്ളവർ മറ്റ് നാല് സ്ഥാനവും വഹിക്കുന്നു. ഒന്നാം സ്ഥാനിയെ പാലക്കാട്ടുശ്ശേരി ശേഖരി വർമ്മ വലിയ രാജാവ് എന്നറിയപ്പെടുന്നു . രണ്ടാം സ്ഥാനി ഇളയ രാജാവെന്നും, മൂന്നാം സ്ഥാനി കാവശ്ശേരി രാജാവെന്നും, നാലാം സ്ഥാനി താലൻതമ്പുരാൻ രാജാവ് എന്നും അഞ്ചാം സ്ഥാനി തരി പുത്തമുറ തമ്പുരാനെന്നും അറിയപ്പെടുന്നു.
മറ്റ് പല രാജവംശങ്ങളിൽ രാജാവ് തീപെട്ടാൽ (മരണപ്പെട്ടാൽ) അദ്ദേഹത്തിന്റെ പുത്രനായിരിക്കും രാജ സ്ഥാനത്തിന് അവകാശം എന്നാൽ പാലക്കാട്ടുശ്ശേരിയിൽ സ്വരൂപത്തിലെ മുതിർന്ന അംഗത്തിനാണ് രാജ സ്ഥാനത്തിന് അർഹത. ഇത് നൂറ്റാണ്ടുകളായി നടന്നു വരുന്നുമുണ്ട്.
ഹേമാംബിക ക്ഷേത്രം നിർമ്മിച്ചതിനു ശേഷം 1425 ൽ കല്പാത്തിയിൽ ശ്രീ വിശാലാക്ഷി സമേത വിശ്വനാഥ സ്വാമി ക്ഷേത്രവും പാലക്കാട്ടുശ്ശേരി രാജാവ് നിർമ്മിച്ചു. അന്നത്തെ വലിയ രാജാവ് ശ്രീ ഇട്ടികോമ്പി അച്ഛനായിരുന്നു. ഇതിനു പുറമെ തൃപ്പാളൂർ ശിവ ക്ഷേത്രവും, കിഴക്കഞ്ചേരി തിരുവ റയിലുള്ള ശിവ ക്ഷേത്രവും പാലക്കാട്ടുശ്ശേരി രാജാവാണ് നിർമ്മിച്ചത്. ഓരോ ക്ഷേത്രങ്ങൾക്കും നടത്തിപ്പിനായുള്ള ഭൂസ്വത്തും രാജാവ് വേറെ വേറെ തന്നെ നൽകിയിരുന്നു.
ഈ ക്ഷേത്രങ്ങൾക്ക് പുറമെ കാവിൽപ്പാട്, പുതുപ്പരിയാരം, പുത്തൂർ, കടുക്കാംകുന്നം, മുക്കെ, കണ്ണാടി, ചോക്കനാഥപുരം, പൊൽപ്പുള്ളി, അംബികാപുരം എന്നിങ്ങനെ വിവിധ സ്ഥലങ്ങളിലായി പതിനെട്ടോളം ക്ഷേത്രങ്ങൾ പാലക്കാട്ടുശ്ശേരി രാജാവിന്റെ കുടുംബത്തിനായി നടത്തിപ്പവകാശം ഉണ്ടായിരുന്നു .ധോണി മലയോരത് സ്ഥിതി ചെയുന്ന ചേറ്റിൽ വെട്ടികാവ് ഭഗവതിയും ശിവ ക്ഷേത്രവും ഏമൂർ ഭഗവതി ക്ഷേത്രത്തിന്റെ കീഴേടമായിരുന്നു.
അരിയിട്ടുവാഴ്ച :
AD 1100 ൽ നിർമ്മിച്ചതെന്ന് കരുതുന്ന കല്ലേകുളങ്ങര ശ്രീ ഹേമാംബിക ക്ഷേത്രാങ്കണത്തിലാണ് പാലക്കാട്ടുശ്ശേരി രാജാവിന്റെ സ്ഥാനാരോഹണ ചടങ്ങായ അരിയിട്ടുവാഴ്ച നടക്കുന്നത്. ശ്രീകോവിലിൽ സ്വയംഭൂവായ ഹസ്ത ദ്വയങ്ങളായി വിലസുന്ന ശ്രീ ഹേമാംബിക ദേവിയാണ് പാലക്കാട്ടുശ്ശേരിയുടെ പരദേവത.
രാജാവാണ് ശ്രീ ഹേമാംബിക ക്ഷേത്രത്തിന്റെ ഉടമ. രാജാവ് തീപെട്ടാൽ (മരണപ്പെട്ടാൽ)വലിയ രാജാവിന്റെ മരണാനന്തര ചടങ്ങുകൾക്ക് ശേഷം മാത്രമേ പുതിയ സ്ഥാനിയായി വരുന്ന രാജാവിന് അരിയിട്ട് വാഴ്ച നടത്തുകയുള്ളൂ. വലിയ രാജാവിന്റെ ക്ഷേത്രപ്രവേശനം അരിയിട്ടുവാഴ്ചയ്ക്കു ശേഷമേ നടക്കാറുള്ളൂ എങ്കിലും കാരണവർ മരണപ്പെട്ടാൽ ഉടൻ അടുത്ത കാരണവരായ രാജാവിന് പാരമ്പര്യമായി ഭരണാധികാരം ലഭിക്കുന്നു. ശ്രീകോവിലിനു വടക്കുഭാഗത്ത് ചിത്രകൂടം ഉണ്ടാക്കി അലങ്കരിച്ച് അതിനരികിൽ രാജാവ് മുൻകാലങ്ങളിൽ സഞ്ചരിക്കാറുള്ള മഞ്ചലിന്റെ തണ്ട് വെച്ച് പൂജ നടത്തി നാല്പാമര വെള്ളം തിളപ്പിച്ചാറ്റി രാജാവിനെ സ്നാനം ചെയ്യിച്ച് ദേഹശുദ്ധിവരുത്തി കളഭം അണിയിച്ച് പട്ടു വസ്ത്രങ്ങളണിയിച്ച് കങ്കണവും വീര ചങ്ങലയും ധരിച്ച് രാജ്യ ചിന്നങ്ങളെല്ലാം ധരിച്ചശേഷം കരിമ്പടവും വെള്ളയും വിരിച്ഛ് രാജാവ് ആസനസ്ഥനാകുന്നു. ഈ വക കാര്യങ്ങൾ എല്ലാം പൂന്തോട്ടം നമ്പൂതിരിയാണ് ചെയ്യുന്നത്. അതിനുശേഷം തൊട്ട് തെക്കേ ഇല്ലത്തുനിന്ന് കുരൂർ മൂത്തമന നമ്പൂതിരിയെ വാദ്യഘോഷങ്ങളോടെ ആദരിച്ചുകൊണ്ട് വരുന്നു, അദ്ദേഹം രാജാവിന്റെ ശിരസ്സിൽ മൂന്ന് കൈ അരിയിട്ട് അനുഗ്രഹിക്കുകയും അതുപോലെ കൈമുക്ക് നമ്പൂതിരിയും ചെയ്യുന്നു. പിന്നീട് കൂറുറും , കൈമുക്കും പൂന്തോട്ടവും കൂടി രാജാവിനെ വാദ്യഘോഷങ്ങളുടെ അകമ്പടിയോടെ ക്ഷേത്രസമുച്ചയത്തിലെ ദേവീദേവന്മാരെ തൊഴിച്ച് ക്ഷേത്രപ്രദക്ഷിണം നടത്തി അംബിക ക്ഷേത്രത്തിലെ കൊടിമര തറയുടെ വടക്കുഭാഗത്ത് പീഡനത്തിൽ ആസനസ്ഥനാകുന്നു അതിനുശേഷം കുറൂർ നമ്പൂതിരിപ്പാട് കൽപ്പനയെഴുതി ക്ഷേത്ര പാലകരുടെയും ജനങ്ങളുടെയും മധ്യത്തിൽ വെച്ച് ഉറക്കെ വായിക്കുന്നു തുടർന്ന് അധികാര ചിഹ്നമായ വാൾ രാജാവിനെ ഏൽപ്പിക്കുകയും രാജാവ് അതിനെ തലച്ചെന്നോർ എന്ന അധികാരിക്ക് കൈമാറുകയും ചെയ്യുന്നു ഇതാണ് രാജാവിന്റെ സ്ഥാനാരോഹണമായ അരിയിട്ടുവാഴ്ച ചടങ്ങുകൾ.
ഭഗവതി സാക്ഷിയായി പ്രതിജ്ഞ:
നമ്മുടെ ഭഗവതിയുടെ സകേതവും സകല ചേരിക്കല്ലും അകമലയും "നോം" ഭഗവതിക്ക് നിത്യപൂജക്ക് വച്ചിരിക്കുന്ന മുതലും അടിയാരെയും, തണ്ടെടുപ്പാനായി തന്നിട്ടുള്ള നമ്മുടെ പള്ളിച്ചാൻമാർ, 24 വീട്ടുകാരെയും പട്ടോലകാരനെയും നമ്മുടെ കുടുംബ സകേതവും, ആലും, കുളവും നമ്മുടെ യാഗശാല, അഞ്ചാറ്റു പൂരയും നമ്മുടെ കുളിമുട്ടും ചുങ്കവും നമ്മുടെ നടുചുങ്കവും നമ്മുടെ വേങ്ങാട്ട് ദേശവും നമ്മുടെ നഗരചെട്ടി ത്തലവരയും ഭഗവതിയുടെ കാപ്പും കടലും നമ്മുടെ സത്യക്കോടും നമ്മുടെ വേറെയുള്ള സങ്കേതങ്ങളൊഴിച്ചുള്ള രാജ്യത്തെ രാജാവായി നമ്മുടെ തെക്കും നായകനായി പശുവും ബ്രാഹ്മണരെയ്യും രക്ഷിച്ഛ് രാജ ചിഹ്നങ്ങളായ അവയവങ്ങളോടുകൂടി "നോം നീയായി വാഴുക" ഈ പ്രഖ്യാപനത്തോടെ തിരുമേനിയുടെ കയ്യിലുള്ള വെള്ളി ഉടവാൾ രാജാവിനെ ഏൽപ്പിക്കുന്നു. അന്നുമുതൽ ജീവിതാന്ത്യംവരെ സ്വർണ പൂനൂൽ ധരിക്കണം ഭക്ഷണ സമയങ്ങളിൽ വെള്ളി വിളക്ക് കൊളുത്തി വയ്ക്കണം.
ചരിത്ര താളുകളിൽ കണ്ടെത്തിയ ഹേമാംബിക ക്ഷേത്രവും പാലക്കാട്ടുശ്ശേരിയും നിറഞ്ഞു നിന്ന സന്ദർഭങ്ങൾ....:
ഏതാണ്ട് 967 മുമ്പ് പാലക്കാട്ടുശ്ശേരി രാജാവായ ഇട്ടിപങ്ങി അച്ഛൻ തീപ്പെട്ടതിനു ശേഷം പിന്തുടർച്ചാവകാശി കോമ്പി അച്ഛനായിരുന്നു. രണ്ടാം രാജാവിന്റെ സഹായത്തോടുകൂടി കുഞ്ചി അച്ഛൻ എന്നൊരാൾ കോമ്പി അച്ഛനുമായി വലിയ മത്സരത്തിലായി. മത്സരം തീർക്കുവാൻ വാൾ എടുക്കേണ്ടി വന്നില്ല.കല്ലേക്കുളങ്ങര ഭഗവതിയുടെ കോമരം ഉറഞ്ഞുതുള്ളി, തുള്ളി കൽപ്പിക്കുന്നത് സ്വീകരിക്കുവാൻ ഇരുപക്ഷവും സമ്മതിച്ചു. കോമരം ഉറഞ്ഞുതുള്ളി, വാൾ ഇളക്കി , ചിലമ്പു കുലുക്കി എന്നിട്ട് അരുളപ്പാടുണ്ടായി കോമ്പി അച്ഛന് അനുകൂലമായിരുന്നു അങ്ങനെ പ്രശ്നത്തിന് തീരുമാനമുണ്ടായി.
1757 - 59 കാലഘട്ടത്തിൽ സാമൂതിരി പാലക്കാട്ടുശ്ശേരി ആക്രമിച്ചപ്പോൾ മക്‌ദും സാഹിബിന്റെയും വെങ്കിട്ടരായറേയുടെയും നേതൃത്വത്തിലുള്ള മൈസൂർ സൈന്യം വെടി ഉയർത്തുകയും സാമൂതിരി സൈന്യം പിന്മാറുകയും ഉണ്ടായി മൈസൂർ സൈന്യത്തിന് കൊടുക്കാൻ തെന്മലപ്പുറത്തെയും വടമലപ്പുറത്തെയും ലോകർ പിരിച്ചിട്ടും തികയാതെവന്നപ്പോൾ ഹേമാംബികയുടെ ആഭരണങ്ങൾ ഉരുക്കിക്കൊടുത്തത്. എന്നിട്ടും തികയാതെ വന്നപ്പോൾ അവർ ഏകനത്ത് ചാത്തപ്പ മേനോനെ കൂടെ പിടിച്ചുകൊണ്ടുപോയി.
1760 ൽ മൈസൂർ സൈന്യം മടങ്ങിയപ്പോൾ സാമൂതിരി വീണ്ടും പാലക്കാട്ടുശ്ശേരി ആക്രമിക്കുകയും കൽപ്പാത്തിയിൽ വന്ന് പാർക്കുകയുമുണ്ടായി തരൂർ സ്വരൂപത്തിലെ ഏതാണ്ട് എല്ലാ താവഴിയിൽ നിന്നും ഓരോ അംഗങ്ങൾ വീതം എത്തി സംസാരിച്ചും സത്യം ചെയ്തെങ്കിലും അന്ന് രാത്രി രണ്ടായിരത്തോളം ആളുകൾ ചതിയിൽ വളഞ്ഞ വളഞ്ജ് ഈ കൂടിയ അച്ഛന്മാരിൽ പലരെയും വെട്ടിക്കൊന്നു. സ്ത്രീകളും കുട്ടികളും കൂടി മലയകത്തേക്ക് പോയെങ്കിലും സാമൂതിരി സൈന്യം അവിടെയും എത്തിയപ്പോൾ അവർ കോയമ്പത്തൂരിലെക്ക് കടന്നു അവിടെ നിന്നും ബാംഗ്ലൂരിലേക്ക് പോയി നവാബിനെ കണ്ട് സ്വരൂപത്തിലെ മൂന്ന് ചിറയും എഴുതി കൊടുത്ത് സഹായം ആവശ്യപ്പെട്ടു.
പാലക്കാട്ടുശ്ശേരിക്കാർ എല്ലാവരും കൂടി ഭാവി ചിന്തിച്ചു നോക്കിയപ്പോൾ ഭഗവതിയുടെ കല്പനയുണ്ടായി സ്വരൂപത്തിലെ അംഗങ്ങൾ ചെയ്തിട്ടുള്ള പ്രവർത്തികളിൽ തെറ്റുണ്ടെങ്കിൽ പ്രായശ്ചിത്തം എന്ന നിലയ്ക്ക് അവർ ബ്രഹ്മഹത്യ ചെയ്ത പുരുഷന്മാരെയും മധുമാസം സേവിക്കുന്ന നേത്യാരമ്മമാരെയും ഒഴിവാക്കി പ്രായശ്ചിത്താമായി രണ്ടായിരത്തി ഇരുനൂറ് വടുപ്പൻ നെല്ല് കല്ലേകുളങ്ങര ഊട്ടിന് വകയിരുത്തുകയും ചെയ്തു. ഇത്രയും കാലം എടത്തിലച്ചന്മാർ നാടുവിട്ട് കോയമ്പത്തൂരിലായിരുന്നു താമസിച്ചിരുന്നത്.
1769-71കാലഘട്ടത്തിൽ നവാബിന് കീഴിൽ ഇട്ടികോമ്പി അച്ഛൻ പാലക്കാട്ടുശ്ശേരി ഭരിക്കുന്ന കാലത്ത് അമ്മണസായിപ്പും കേളു അച്ഛനും കൂടി പാലക്കാട്ടുശ്ശേരിക്ക് വന്നു. അച്ഛൻ അറുപതിനായിരം പണം പിരിച്ഛ് നവാബിന് കൊടുത്തു . ഇങ്ങനെ പണം പിരിച്ചു കൊടുക്കുന്നതിൽ അസ്വസ്ഥരായ രണ്ടുമലപ്പുറത്തെ ലോകരും,പടനായകരും ചേർന്ന് കൂടുതൽ ബലവാനേ കണ്ടെത്തി നവാബിനെ മാറ്റാൻ കല്ലേകുളങ്ങര നടയിൽ വെച്ച് സത്യം ചെയ്തു.
വടക്കേ താവഴി തെക്കേ താവഴി എന്നീ രണ്ടു ശാഖകൾ ചേർന്നതായിരുന്നു തരൂർ സ്വരൂപം കല്ലേക്കുളങ്ങര ഭഗവതിയുടെ വടക്കേ നടയിൽ വച്ച് തെന്മലപുരം രാജാവും തെക്കുംനാഥനായ ശേഖരി വർമ്മ നാലു കൂറ് വാഴ്ചയ്ക്കും രണ്ട് തമ്പുരാട്ടിമാരും, രണ്ട് പെൺവഴി അനന്തിരന്മാരും, കുറൂർ നമ്പൂതിരിപ്പാടും, രായിരപുരം, കുമാരപുരം ലോകരും എഴുതി കൊടുത്ത ആധാരത്തിൽ തെക്കുംനാഥനെ കുറിച്ചുള്ള സൂചനകൾ കാണാം.
1761 ൽ സാമൂതിരി കല്ലേക്കുളങ്ങര അമ്പലത്തിലേക്ക് എഴുന്നള്ളി ഭഗവതിക്ക് പട്ടു ചാർത്തി പഞ്ചസാര പായസം വഴിപാട് കല്പിക്കുവാൻ തുടങ്ങുമ്പോൾ അച്ഛൻമാരുടെ ആവശ്യപ്രകാരം പരദേശികളുടെ സൈന്യം (മൈസൂർ സൈന്യം) വാളയാറിൽ എത്തി എന്ന് അറിഞ്ഞ സാമൂതിരി പിൻവാങ്ങി.
പാലക്കാട്ടുശ്ശേരിക്ക് തിരിച്ചെത്തിയ സൈന്യം കൃഷ്ണരായരുടെ സംരക്ഷണാർത്ഥം കുതിര സൈന്യത്തോട് കൂടി ആലകോട്ട് പാർക്കുകയും ചെയ്തു. പാലക്കാട്ടുശ്ശേരിയുടെ ഫലപ്രാപ്തിക്കായി ഭഗവതിക്ക് പൂജയും കൊടകാവിൽ ഭഗവതിക്ക് മച്ഛ്പണിയും കല്ലേകുളങ്ങരയിൽ ഊട്ടു നടത്തുകയും ചെയ്തു.
1800 ൽ പാലക്കാട് സന്ദർശിച്ച ഫ്രാൻസിസ് ബുക്കാനൻ അദ്ദേഹത്തിന് ഡയറിയിൽ രേഖപ്പെടുത്തിയിരിക്കുന്നത് "പാലക്കാട് രാജാവിന്റെ കോവിലകം പാലക്കാട് കോട്ടയിൽ നിന്നും മൂന്നു മൈൽ വടക്കായുള്ള അകത്തേത്തറയിൽ സ്ഥിതിചെയ്യുന്നു ഇപ്പോൾ അദ്ദേഹം ടിപ്പ് നശിപ്പിച്ച് കല്ലേകുളങ്ങര ഭഗവതിക്ഷേത്രം പുനരുദ്ധരിക്കുന്ന തിരക്കിലാണ്."
ഹേമാംബികയുടെ തിരുത്താലി എഴുന്നള്ളത്ത്:
നൂറ്റാണ്ടുകൾ പഴക്കമുള്ള പൊന്നാമ്പടി എഴുന്നള്ളത്ത് പാലക്കാട്ടുശ്ശേരി കുലദേവതയായ കല്ലേകുളങ്ങര ശ്രീ ഹേമാംബിക യുടെ തിരുവാഭരണ ദർശനത്തിന് ഓർമപ്പെടുത്തലാണ്.
ഹേമാംബികയുടെ തിരുവാഭരണങ്ങൾ ക്ഷേത്രത്തിൽ സൂക്ഷിക്കുന്നത് അത്ര സുരക്ഷിതമല്ലെന്ന് തോന്നിയ അന്നത്തെ പാലക്കാട്ടുശ്ശേരി വലിയ രാജാവ് തന്റെ ശേഖരിപുരത്തെ വസതിയിൽ അതിനുള്ള സൗകര്യങ്ങൾ ഒരുക്കി സൂക്ഷിച്ചിരുന്നു. എല്ലാ വിശേഷദിവസങ്ങളിലും, മണ്ഡലമാസത്തിലെ 41 ദിവസങ്ങളിലും രാജാവിന്റെ വസതിയിൽ നിന്നും സന്ധ്യക്ക് തിരുവാഭരണങ്ങൾ വലിയ പേടകത്തിലാക്കി തണ്ടു വാഹകരെ കൊണ്ട് എടുപ്പിച്ഛ് കൊട്ടാരം ഭണ്ഡാരിയും ദേശനേതാക്കന്മാരുടെയും അകമ്പടിയോടെ കല്ലേകുളങ്ങര ക്ഷേത്രത്തിലേക്ക് ആനയിച്ഛ് എഴുന്നളിപ്പിച്ചു കൊണ്ടുവന്ന് ദേവി - ദേവന്മാർക്ക് ചാർത്തി അലങ്കാരങ്ങൾക്കു ശേഷം നിവേദ്യ പൂജകളും ദീപാരാധനയ്ക്കും ശേഷം അതുപോലെ രാജസന്നിധിയിലേക്കു തിരിച്ചു കൊണ്ടുപോയിരുന്നു.
മൂന്ന് നൂറ്റാണ്ടുകൾക്കു മുമ്പ് തിരുവാഭരണ എഴുന്നള്ളത് വരുമ്പോൾ അപ്രതീക്ഷിതമായി മുഖംമൂടി ധരിച്ച ആക്രമികൾ തിരുവാഭരണ എഴുന്നളത്തിനെ ആക്രമിക്കുകയും തിരുവാഭരണ പേടകം കൈക്കലാകുവാൻ ശ്രമിക്കുമ്പോൾ എഴുന്നളിപ്പിക്കുന്നവർ ദേവിയെ വിളിച്ചു അപേക്ഷിക്കുകയും ചെയ്യുമ്പോൾ തത്സമയം എവിടെ നിന്നറിയാത്ത വിധം പരിചയമില്ലാത്ത കുറെ യോദ്ധാക്കൾ ആയുധധാരികളായി വന്ന് ആക്രമികളെ എതിർത്തു തോൽപിച്ചു. ആക്രമികളിൽ ചിലരുടെ തലകൾ അറത്തുമാറ്റി ഹേമാംബിക ക്ഷേത്രത്തിനടിതുള്ള കുന്നം പാറയുടെ ശിഖരത്തിൽ കുന്തത്തിൽ കുത്തി നാട്ടി.
ഈ കൃത്യത്തിന്റെ ഓർമയിൽ ഇന്നും മണ്ഡലമാസം 41 ദിവസങ്ങളിൽ ഹേമാംബികയുടെ തിരുത്താലി മാത്രം ഒരു ചെമ്പുപെട്ടിയിൽ പട്ടിൽ പൊതിഞ്ഞുവെച്ച് തണ്ടുവാഹനന്മാർ ചുമന്നുകൊണ്ട് തെക്കേത്തറ - വടക്കേത്തറ ദേശക്കാരുടെയും ഭണ്ടാരിയുടെയും അകമ്പടിയോടെ കുത്തുവിളക്കിന്റെ വെളിച്ചത്തിൽ ഏമൂർ ഭഗവതി ക്ഷേത്രത്തിലേക്ക് എഴുന്നള്ളിച്ചു പോകുന്ന ചടങ്ങ് മുടങ്ങാതെ നടന്നു വരുന്നുണ്ട്. എഴുന്നള്ളത് സമയത്ത് "നാട്ട് .........ഏയ് .......നാട്ട് " എന്ന് നീട്ടി വിളിക്കുന്നു .നാട്ട് എന്ന് വിളിക്കുന്നത് ഭഗവതിയുടെ തിരുത്താലി എഴുന്നള്ളത് സമയത്ത് ആരെങ്കിലും ആക്രമിച്ചാൽ അവരുടെ തല വെട്ടി കുന്നംപറയുടെ മുകളിൽ നാട്ടുക എന്നാകുന്നു .
കോതര ഇടത്തിന് സമീപമുള്ള പാലക്കാട്ടുശ്ശേരി രാജാവിന്റെ സമാധിസ്ഥലത്ത് വിളക്കുവെച്ച് പ്രാർത്ഥിച്ച ശേഷം അവിടെ നിന്ന് ആരംഭിക്കുന്ന നാട്ട് വിളി പിന്നീട് ക്ഷേത്രത്തിലെത്തി കളമെഴുത്ത് പാട്ടിൻറെ കളത്തിൽ താലി വെച്ച ശേഷം ക്ഷേത്രം മേൽശാന്തി താലി പൂജിച്ഛ് കളമെഴുത്ത് പാട്ട് കഴിഞ്ഞ ശേഷം ആഭരണ പേടകം കൊണ്ടാണ് എഴുന്നള്ളത് .
41ദിവസത്തെ വ്രതാനുഷ്ഠാനത്തോടെയാണ് പൊന്നാമ്പടി നടത്തുന്നത് തെക്കേത്തറ വടക്കേത്തറ ദേശക്കാർ ഇടവിട്ടാണ് പൊന്നാമ്പടി എഴുന്നള്ളത് നടത്തിവരുന്നു. സമാപനദിവസം ചെമ്പ് പാത്രത്തിൽ പട്ടിൽ പൊതിഞ്ഞ ഭഗവതിയുടെ താലി ഇളയച്ഛനിടത്തിൽ രാജ സ്വരൂപത്തിലെ അംഗങ്ങളും, നാട്ടുകാരും തൊട്ടുവണങ്ങി ഗജവീരന്മാരുടെയും താളമേളങ്ങളുടെയും അകമ്പടിയോടെ ഇടത്തിൽ നിന്നും പുറപ്പെട്ട് ഗജവീരന്മാർക്ക് പിന്നിൽ കുത്ത് വിളക്കുമായി ഭണ്ഡാരിയും വാളും പരിചയുമേന്തി ഉണ്ണികുട്ടൻ മാരും അടിയന്തര വാദ്യവും അകമ്പടിയായി തെക്കേത്തറ - വടക്കേത്തറ വഴി പാലക്കാട്ടുശ്ശേരി രാജാവിന്റെ സമാധിസ്ഥലമായ കോതറ ഇടത്ത് പൂജ കഴിച്ച ശേഷം ക്ഷേത്രത്തിൽ എത്തും. മേൽശാന്തിയുടെ നേതൃത്വത്തിൽ വിശേഷങ്ങൾ പൂജയും കളമെഴുത്തുപാട്ട് കഴിഞ്ഞ് തിരുവാഭരണം ക്ഷേത്രത്തിൽ ഭണ്ടാരി ഏല്പിക്കുന്ന ചടങ്ങ് ഇന്നും മുടങ്ങാതെ നടന്നു വരുന്നു.
ഈശ്വര സേവ:
കർക്കിടമാസത്തിൽ പ്രത്യേകപൂജകൾ നടത്തുന്നതോടൊപ്പം പാലക്കാട്ടുശ്ശേരി രാജസ്വരൂപം കുടുംബങ്ങൾക്കായി എല്ലാവർഷവും ഈശ്വരസേവ പ്രസാദം നൽകുന്നുണ്ട്.
പാലക്കാട്ടുശ്ശേരി ശേഖരി വലിയ രാജാവ് ശ്രീ ഏമൂർ ഭഗവതി യുടെ ക്ഷേത്രത്തോടനുബന്ധിച്ച് സമസ്ത സ്ഥാവര ജംഗമ സ്വത്തുക്കളുടെയും പാരമ്പര്യ ഭരണാധികാരിയായി തുടരുന്നതിനിടയിലാണ് ക്ഷേത്രം ദേവസ്വം ബോർഡ് പിടിച്ചെടുക്കുന്നത്.നിലവിൽ കേസ് കോടതിയിലാണ്.
ടിപ്പു സുൽത്താന്റെ പാലക്കാട്ടെ പടയോട്ടത്തിനു ശേഷം 1792 ഇംഗ്ലീഷുകാർ പാലക്കാട് കോട്ട പിടിച്ചെടുത്തു അന്നത്തെ അധിപനായിരുന്ന പാലക്കാട്ടുശ്ശേരി രാജാവിന് അവകാശങ്ങളുടെ പ്രതിഫലമായി മാലിഖാൻ അനുവദിച്ചു എങ്കിലും രാജാവിന്റെ ഉടമസ്ഥതയിലുള്ള ശ്രീ ഹേമാംബിക ക്ഷേത്രത്തിന്റെയും മറ്റ് ക്ഷേത്രങ്ങളുടെയും സ്വത്തുക്കളും അതിന്റെ എല്ലാം ഭരണാധികാരവും രാജാവിൽ തന്നെ നിലനിർത്തുകയും ചെയ്തിരുന്നു.
ബ്രിട്ടീഷ് സർക്കാറിൻറെ ഭരണ സമയത്തും പാലക്കാട്ടുശ്ശേരി രാജാവ് ക്ഷേത്രത്തിന്റെ ഭരണാധികാരം തുടർന്നുവന്നു അതിനുശേഷം
മലബാർ ദേവസ്വംബോർഡ് ക്ഷേത്രം പിടിച്ചെടുത്തു ഭരണം നടത്തിവരുന്നു.
പാലക്കാട്ടുശ്ശേരിയുടെ പരദേവതയായ ഹേമാംബിക ക്ഷേത്രത്തിന് മാത്രമായി 25000 ഏക്ര വനഭൂമിയും 15000 ഏക്ര മിച്ചവാര വസ്തുവായ കൃഷി നിലങളും ക്ഷേത്ര നടത്തിപ്പിലേക്കു പാലക്കാട്ടുശ്ശേരി രാജാവ് നൽകിയിരുന്നെങ്കിലും ഇതെല്ലാം നഷ്ടപ്പെട്ടിരിക്കുന്നു.
ക്ഷേത്രത്തിന്റെ നടത്തിപ്പിലുള്ള ഹേമാംബിക സംസ്‌കൃത ഹൈ സ്കൂൾ ഇപ്പോൾ നാഥനില്ലാത്ത അവസ്ഥയിലാണ്. പാലക്കാട്ടുശ്ശേരി രാജാവ് മലമ്പുഴ അകമലവാരത്തു നൽകിയ 1000 ഏക്ര ഭൂമി പാട്ടകാലാവധി കഴിഞ്ഞ് വർഷങ്ങളായെങ്കിലും ഇന്നേവരെ തിരിച്ചു പിടിക്കാനായിട്ടില്ല എന്നതും ദുഖകരമാണ് .
വിപിൻ ശേക്കുറി.